സുബി സുരേഷിന്റെ സംസ്‌കാരം നാളെ വാരാപ്പുഴയില്‍

subi suresh funeral

കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയില്‍ നടക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. ശേഷം രാവിലെ 8 മുതല്‍ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരികെ ഇന്നു രാവിലെയായിരുന്നു അന്ത്യം. ടെലിവിഷന്‍ ചാനലുകളിലെയും സ്റ്റേജ് ഷോകളിലെയും നിറ സാന്നിദ്ധ്യമായിരുന്നു സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തിന് സുപരിചിതയാകുന്നത്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്ന് പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.