നാല് മാസം ഹോട്ടലുടമ ശമ്പളം നൽകിയില്ല; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

suicide attempt by a youth in thrissur city
 


തൃശൂര്‍: തൃശൂരിൽ നടുറോഡിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. മൈസൂർ സ്വദേശി ആസിഫ് ഖാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. 

നാല് മാസമായി താന്‍ ജോലി ചെയ്യുന്ന ഹോട്ടലിന്‍റെ ഉടമ ശമ്പളം തന്നിട്ടില്ലെന്ന് ആസിഫ് ഖാൻ പറഞ്ഞു. തൃശൂര്‍ എം.ജി റോഡിലുള്ള ആസാ ഹോട്ടലിലാണ് ആസിഫ് ജോലി ചെയ്തിരുന്നത്.

എം.ജി റോഡില്‍ പുതുതായി തുടങ്ങിയ ഹോട്ടലിന് മുന്നില്‍ ഭാര്യയ്‌ക്കൊപ്പം എത്തിയ ആസിഫ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. നാല് മാസം ജോലിയെടുത്തിട്ടും ശമ്പളം ലഭിച്ചില്ലെന്നും രണ്ടു ലക്ഷത്തോളം രൂപ ഹോട്ടലുടമ തരാനുണ്ടെന്നും ആസിഫ് പറയുന്നു. പോലീസിലും ലേബര്‍ ഓഫീസിലും ബന്ധപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് വ്യക്തമാക്കുന്നു.

എന്നാല്‍ ഹോട്ടല്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും എങ്ങനെയാണ് നാല് മാസത്തെ ശമ്പളം കൊടുക്കാനുണ്ടാകുകയെന്നും ഹോട്ടലുടമ പ്രതികരിച്ചു. 
   
 
ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഹോട്ടലിന് മുന്നില്‍ ആസിഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കൃത്യ സമയത്ത് എത്തി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി. ഭാര്യയും മക്കളും ഒന്നിച്ചാണ് താമസം എന്നും ശമ്പളം ലഭിക്കാതെ ആയതോടെ ജീവിതം വഴിമുട്ടിയത് കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.