വേ​ന​ൽ ചൂ​ട്: പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

police
 


തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ ചൂ​ട് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ട്രാ​ഫി​ക്കി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കും. ഇ​തി​നു​ള്ള പ​ണം ജി​ല്ല​ക​ൾ​ക്ക് കൈ​മാ​റി.

പ​ട​ക്കം വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തും. ബീ​റ്റ് ഡ്യൂ​ട്ടി​ക്കാ​ർ തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.
 
 
വരുംദിവസങ്ങളില്‍ വിശിഷ്ടവ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവര്‍ക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണം. അടിയന്തിരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലും 04712722500, 9497900999 എന്ന നമ്പറില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
   
അതേസമയം ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.  തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തുമെന്നും പിണറായി അറിയിച്ചു.