ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും; ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടി വരും: മുഖ്യമന്ത്രി

pinarayi vijayan 29/5
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിവാര കോവിഡ് അവലോകന യോ​ഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. 

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സീനേഷൻ ശക്തിപ്പെടുത്താൻ മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശമുയർന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രികളില്‍ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

കോവിഡ് പോസിറ്റീവായവരിലും വാക്‌സിൻ എടുത്തവരിലും രോഗബാധയുണ്ടായെങ്കിലും ഗുരുതരമാകുന്നില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു‍. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീട്ടില്‍ തുടരാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം കുറച്ചുകൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്‍കണം. നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. വാര്‍ഡുകളിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിരോധം ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഈ ഘട്ടം ഒന്നുകൂടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിരോധം ഉറപ്പു വരുത്താനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിത്യവൃത്തിക്ക് ഇടയില്ലാത്ത കുടുംബങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കും. ഇതിനായി പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.