സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

Risk of heat wave and sunstroke in Kerala

 വേനല്‍ക്കാലമായതോടെ പകല്‍ താപനില  ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മാര്‍ച്ച് മൂന്നു മുതല്‍  ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.  

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക്   12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും.  ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.