×

സപ്ലൈകോയ്ക്ക് ദയാവധമൊരുക്കുന്നു: 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് ബജറ്റില്‍ നല്‍കിയത് 205 കോടിയെന്ന് വി.ഡി. സതീശന്‍

google news
.

തിരുവനന്തപുരം: പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയോട് കൂടി വിതരണം ചെയ്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയെന്നതാണ് സപ്ലൈകോയുടെ പ്രാഥമിക ചുമതല. ഇക്കാര്യത്തില്‍ സപ്ലൈകോ ദയനീയമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. ക്രിസ്മസ് ഫെയറുകളില്‍ പോലും അവശ്യ സാധനങ്ങളുണ്ടായിരുന്നില്ല. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ നല്‍കി അടിയന്ത്രി പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തുകയും ചെയ്തു. 

.

ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല സപ്ലൈകോ. അതിന് മുമ്പ് മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രത്യേകമായ പരിഗണന നല്‍കി നന്നായി നടത്തിയിരുന്ന സ്ഥാപനമായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവേലി സ്റ്റോറുകള്‍ വാമന സ്റ്റോറുകളാക്കി മാറ്റിയെന്നാണ് മന്ത്രി പറഞ്ഞത്. ഒരൊറ്റ മാവേലി സ്റ്റോറുകള്‍ പോലും യു.ഡി.എഫ് കാലത്ത് പൂട്ടിയിട്ടില്ല. പുതിയ മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും നന്മ സ്റ്റോറുകളും ഉള്‍പ്പെടെ എത്ര സ്ഥാപനങ്ങളാണ് അന്നത്തെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തത്. അഞ്ച് വര്‍ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഏതെങ്കിലും ഒരു നിത്യോപയോഗ സാധനം മാവേലി സ്റ്റോറില്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ല. 

.

ഇപ്പോള്‍ മന്ത്രി പറയുന്നത് സപ്ലൈകോയെ കുറിച്ച് പറഞ്ഞാല്‍ കുത്തക കമ്പനികള്‍ വരുമെന്നാണ്. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ ദയാവധമൊരുക്കുകയാണ്. നിങ്ങളാണ് കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കുന്നത്. 2500 മുതല്‍ 3000 കോടി രൂപ വരെയാണ് സപ്ലൈകോയുടെ ബാധ്യത. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. 792 കോടി രൂപ കുടിശികയുള്ളതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താന്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 205 കോടി മാത്രമാണ്. 2021-22 ല്‍ ബജറ്റില്‍ 150 നീക്കി വച്ചിട്ട് നല്‍കിയത് 75 കോടി. 2021-22 ല്‍ ഒരു രൂപ പോലും നല്‍കിയില്ല. മന്ത്രിയുടെയും വകുപ്പിന്റെയും കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. 

.

സപ്ലൈകോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി പറയുന്നത്. കിറ്റ് നല്‍കിയതിന്റെ കുടിശിക സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. നെല്ല് സംഭരണത്തില്‍ ഇത്രത്തോളം കുടിശിക വന്ന കാലഘട്ടമുണ്ടായിട്ടില്ല. നെല്ലിന്റെ സംഭരണ വില 28.20 രൂപ. കേന്ദ്ര 1.43 രൂപ കൂട്ടിയപ്പോള്‍ അത് സംസ്ഥാനം കുറച്ചു. കേന്ദ്ര കൂട്ടിയതിന്റെ അനുപാതം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. പാഡി റെസീപ്റ്റ് ഷീറ്റില്‍ കര്‍ഷകര്‍ക്ക് തൃപ്തിയില്ലെന്ന് മന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.ആര്‍.എസ് നല്‍കിയാല്‍ ബാങ്കുകള്‍ കര്‍ഷകന് ലേണ്‍ കൊടുക്കുന്നതു പോലെയാണ് നെല്ലിനുള്ള പണം നല്‍കുന്നത്. സര്‍ക്കാര്‍ ബാങ്കിന് പണം നല്‍കിയില്ലെങ്കില്‍ കര്‍ഷകന് മേല്‍ ആ കടബാധ്യത വരും. കടക്കെണിയില്‍പ്പെട്ട് എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്?.   

.

വിലക്കയറ്റത്തിലും നികുതി വര്‍ധനവിലും ജനങ്ങള്‍ പ്രയാസത്തിലാണ്. ഇടത്തരം കുടുംബത്തിന്റെ ചെലവില്‍ 10000 രൂപയുടെ വര്‍ധനവുണ്ടായി. ഏറ്റവും കൂടുതല്‍ ജപ്തി നടന്ന വര്‍ഷമാണ് കടന്നു പോയത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കെ.എസ്.ആര്‍.ടി.സിയും വൈദ്യുതി ബോര്‍ഡും പോലെ തകര്‍ച്ചയിലേക്ക് പോകുകയാണ്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് നിങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. എന്നിട്ടാണ് വില കൂട്ടാനുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്. സപ്ലൈകോയെ സര്‍ക്കാരാണ് തകര്‍ത്തത്. കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത ദയനീയ സ്ഥിതിയിലാണ്. പൊതുവിപണയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്മെന്റും കൊണ്ട് സര്‍ക്കാര്‍ തന്നെ തകര്‍ത്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags