അഭിമാനമായി സുരഭി; ചെങ്കൽച്ചൂളയിലെ ആദ്യത്തെ ഡോക്ടർ

surabhi
 

തിരുവനന്തപുരം : ചെങ്കൽച്ചൂള രാജാജി നഗറിന് അഭിമാനമായി സുരഭിയുടെ നേട്ടം. പ്രദേശത്തെ ആദ്യത്തെ ഡോക്ടറാവുകയാണ് സുരേഷിന്റെയും മഞ്ജുവിന്റെയും മകൾ സുരഭി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് 23 കാരിയായ സുരഭി ബിഡിഎസ് കരസ്ഥമാക്കിയത്. 

എൻട്രൻസ് എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും കിട്ടില്ലെന്ന് പലരും മുഖത്തടിച്ച് പറഞ്ഞെന്നും അവർക്കുള്ള മറുപടിയാണിതെന്നും സുരഭി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത്. സ്വയം അധ്വാനിച്ച് രക്ഷിതാക്കളെ നോക്കാൻ പറ്റണമെന്നും സുരഭി പറഞ്ഞു.

''ചെങ്കൽച്ചൂളയിൽ നിന്ന് ആണെന്ന് പറയാൻ പണ്ട് മടിയായിരുന്നു. എന്നാലിപ്പോൾ ഇവിടെ നഴ്സ്മാരുണ്ട്. എൽഎൽബി പഠിച്ചവരുണ്ട്. പൊലിസുകാരുണ്ട്. ഡോക്ടർ മാത്രം ഉണ്ടായിരുന്നില്ല, അതുമായി'' - സുരഭി പ്രതികരിച്ചു. 

ഓട്ടോ ഡ്രൈവറായ ഭര്‍ത്താവാണ് പഠിക്കാവുന്നത്ര പഠിച്ചോളൂ എന്നുപറഞ്ഞ് പിന്തുണയേകിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അതിനിടെയാണ് ഡോക്ടറാവുകയെന്ന ഭാ​ഗ്യംകൂടി സുരഭിയെ തേടിയെത്തിയത്.  ഒരു വര്‍ഷം മുൻപാണ് കോളനിയിലുള്ള മുകേഷിനെ സുരഭി വിവാഹം കഴിച്ചത്. അടുത്ത മാസം കുഞ്ഞ് ജനിക്കാനിരിക്കെ ഇവര്‍ക്ക് ഇരട്ടി സന്തോഷമായിരിക്കുകയാണ് ഈ നേട്ടം. 
 
തൈക്കാട് മോഡൽ സ്‌കൂളിലാണ് നാലാം ക്ലാസുവരെ പഠിച്ചത്. പിന്നീട് പ്ലസ് ടുവരെ കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസിലും. ആരോഗ്യമേഖലയിൽ ജോലി നേടണമെന്നായിരുന്നു സ്‌കൂൾകാലത്തെ ആഗ്രഹം. പത്താം ക്ലാസിലും പ്ലസ് ടുവിനും 90 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. എൻട്രൻസ് പരീക്ഷയെഴുതി ബി.ഡി.എസിന് മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചു. അച്ഛൻ സുരേഷിന് ബേക്കറി ജങ്ഷനിൽ തട്ടുകടയാണ്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം പഠനത്തിൽ വഴികാട്ടിയായി. മകളെ ഡോക്ടറാക്കുകയെന്ന സ്വപ്‌നത്തിന് പിന്തുണയായി സുരേഷും മഞ്ജുവും കൂടെനിന്നതോടെ പഠനകാലത്തും മികവ് പുലർത്താന്‍ സുരഭിക്കായി.