പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ തമ്മില്‍ തല്ലിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

kerala police jeep

പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ തമ്മില്‍ തല്ലിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ ജി ഗിരിയേയും ജോണ്‍ ഫിലിപ്പിനെയുമാണ് അച്ചടക്ക നടപടിയുടെ പേരില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 

സ്ഥാനക്കയറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ് പരിപാടികള്‍ നടന്നത്. ക്യാംപിലേയും പൊലീസ് സ്റ്റേഷനുകളിലേയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് മദ്യലഹരിയില്‍ രണ്ട് പൊലീസുകാരും തമ്മില്‍ തല്ലുണ്ടായത്. പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടിച്ചു മാറ്റിയത്. എന്നാല്‍ ചടങ്ങിന് പങ്കെടുക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.