'അപകീർത്തിപരമായ പരാമർശം സഹിക്കില്ല, മാപ്പ് പറയണം'; സി.പി.എം സഹയാത്രികൻ ബി.എൻ ഹസ്‌കറിനെതിരെ സ്വപ്‌നയുടെ വക്കീൽ നോട്ടീസ്

swapna suresh
 

തിരുവനന്തപുരം: തനിക്കെതിരേ നിന്ദ്യവും അപകീര്‍ത്തിപരവുമായ പരാമര്‍ശം നടത്തിയ ഇടത് നിരീക്ഷകനായ അഡ്വ. ബിഎന്‍ ഹസ്‌കറിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന്‌ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ചയ്ക്കുള്ളിൽ പരാമർശം പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ കോടതിയിൽ കേസ് കൊടുക്കുമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നോട് ചോദിച്ചതുപോലെ പണമൊന്നും വേണ്ടെന്നും ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു. 


അസംബന്ധപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ താന്‍ സഹിക്കാറില്ല. നിയമപരമായി അതിനെതിരേ പ്രതികരിക്കുകയും യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നോട്ടീസ് എന്നും സ്വപ്‌ന പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി.ഗോവിന്ദൻ, സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് നോട്ടിസ് അയച്ചത്.

 


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമെന്റുകള്‍ ഞാന്‍ സഹിക്കാറില്ല. ഞാന്‍ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.
എനിക്കെതിരെ നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ പറഞ്ഞ ടീവിയില്‍ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എന്‍ ഹസ്‌കറിനെതിരെ ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ കമന്റ് പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുക്കും.
ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്‌കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ല.
ഇത് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.