ടി.പിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; കെ.കെ രമക്കെതിരെ നടപടി ഉണ്ടാകില്ല

kkr

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമ എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.

മരിച്ച ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ പടം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ച് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. കെ കെ രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. തുടർന്നാണ് നിലവിലെ തീരുമാനം.

എന്നാല്‍ പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.

"ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നത്."- സത്യപ്രതിജ്ഞാ ദിവസം കെ.കെ രമ പറഞ്ഞിരുന്നു.