ആധുനിക സജ്ജീകരണങ്ങളോടെ 'ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയങ്ങളൊരുങ്ങി; സെപ്തംബർ 7ന് നാടിന് സമർപ്പിക്കും

ആധുനിക സജ്ജീകരണങ്ങളോടെ 'ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയങ്ങളൊരുങ്ങി; സെപ്തംബർ 7ന് നാടിന് സമർപ്പിക്കും
 


തിരുവനന്തപുരം: വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ബഹു. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ സെപ്തംബർ 7ന് നാടിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നൂറുദിന കർമ്മ പരിപാടികളിലെ ഒരിനം കൂടി ഇതിലൂടെ സഫലമാവുകയാണ്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ  ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിൽ നിർമാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജെെവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് 'ടേക്ക് എ  ബ്രേക്ക് '.

ഒന്നാം ഘട്ടത്തിൽ 100 ശുചിമുറി സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചു. 524 എണ്ണം ശുചിമുറി സമുച്ചയങ്ങളുടെ നിര്‍ മാണം പുരോഗതിയിലാണ്. 

ശുചിത്വ, മാലിന്യ സംസ്ക്കരണ മേഖലയില്‍ ഹരിതകേരളം  മിഷന്റേയും ശുചിത്വ മിഷന്റേയും  നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് ഇതിനോടകം കൈവരിക്കാൻ സാധിച്ചിട്ടുളളത്.  ആ കുതിപ്പിന് കരുത്ത് പകര്‍ന്നുകൊണ്ടാണ്  വൃത്തിയും ശുചിത്വവുമുളള പൊതു ശുചിമുറികൾ യാഥാര്‍ത്ഥ്യമാകുന്നത്. 

കുടുംബശ്രീ പ്രവർത്തകർക്കായിരിക്കും ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.

തിരുവനന്തപുരം 13, കൊല്ലം 13, പത്തനംതിട്ട 14, ആലപ്പുഴ 9,  കോട്ടയം 10, ഇടുക്കി 1, എറണാകുളം 19, തൃശ്ശൂർ 4, പാലക്കാട് 1, കോഴിക്കോട് 2, കണ്ണൂർ 4, കാസർകോട് 10 എന്നിങ്ങനെയാണ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുള്ള 100 ടേക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ  ജില്ല തിരിച്ചുള്ള വിവരം.