ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിളിപ്പിച്ചിട്ടില്ല; പോയത് പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ട്: കെ.സുരേന്ദ്രൻ

bjp

ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ടാണ് ഡൽഹിയിൽ എത്തിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണം കണ്ണൂരിൽ സിപിഎം നേതാവ് പി ജയരാജനും പ്രസീതയും തമ്മിൽ നടത്തിയ കൂടികാഴ്ച്ചയ്ക്ക് ശേഷം ഉണ്ടാക്കിയ ഗൂഢാലോചനയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

വിവാദങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. ഡൽഹിയിലേക്ക് ഉള്ള തന്റെ വരവിൽ ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സി.കെ ജാനുവിന് പണം നൽകിയെന്ന് ആരോപണം സിപിഎം ഗൂഢാലോചനയാണ്.

ജാനുവിന് പണം കൊടുത്തതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോൾ വെറുതെ ഒരു കേസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. എൻഡിഎയുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാൻ ബിജെപി മുറി എടുത്ത് നൽകിയതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും അതിൽ എന്ത് വാർത്തപ്രാധാന്യമാണ് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.