ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; മുഹമ്മദ് റിയാസ്

riyas

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറാകണം. 
ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.ലക്ഷദ്വീപുമായി കേരളത്തിന് ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധമാണുള്ളത്.
ദശാബ്ദങ്ങളായി ലക്ഷദ്വീപിന് ഏറ്റവുമധികം വാണിജ്യ ബന്ധമുണ്ടായിരുന്നത്  ബേപ്പൂര്‍ തുറമുഖവുമായാണ്.  എന്നാല് ഇതും അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണ്. ഇനിമുതല്‍ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖത്ത് ആരംഭിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരിക്കുന്നു. 
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയാണ് തുടര്‍ച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്.