പുനസംഘടനയില്‍ പരാതി അറിയില്ല; നേതാക്കളോട് സംസാരിക്കും: വി ഡി സതീശന്‍

v d satheesan

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുനഃസംഘടനക്കെതിരെ നിലവിൽ ആരും പരാതി പറഞ്ഞിട്ടില്ല. മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കെ സുധാകരനെക്കുറിച്ച ആരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നൂറുശതമാനം പൂർണ്ണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പത്ത് ജനറൽ സെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്തി കെപിസിസി പുനഃസംഘടന പ്രശ്‌നം പരിഹരിക്കാൻ നീക്കം. എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഹൈക്കമാൻഡിൻ്റെ  നടപടി. ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ കണ്ട് മടങ്ങിയതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം . 30 പുതിയ കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. മുൻ ഡിസിസി പ്രസിഡന്റുമാർക്കും എംഎൽ എമ്മാർക്കും ഭാരവാഹിത്വം ഏൽപ്പിക്കുന്നതിന് തടസമുണ്ടായേക്കില്ല.