സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നു; ഏഴുലക്ഷം കുട്ടികള്‍ക്ക് പഠന സൗകര്യമില്ല: വിഡി സതീശന്‍

satheeshan

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഏഴുലക്ഷം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പറയുന്നത് തെറ്റായ കണക്കുകളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 70 പേജുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നു സതീശന്‍ പറഞ്ഞു. 

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലെ കുട്ടികള്‍, തോട്ടം, മലയോര മേഖലയിലെ കുട്ടികള്‍ തുടങ്ങിയവരുടെ അസൗകര്യങ്ങളാണ് സര്‍വേ നടത്തി കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യവും നെറ്റ്‌വര്‍ക്ക് റേഞ്ചും സാമ്പത്തികമായ അസൗകര്യങ്ങള്‍ മൂലം മൊബൈല്‍ ഫോണുകള്‍ പോലും വാങ്ങിക്കാന്‍ കഴിയാത്തവരും ഉണ്ട്. ആകെയൊരു മൊബൈല്‍ ഫോണ്‍ മാത്രമുള്ള വീടുകളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരികെ വരുന്നത് വരെ കുട്ടികള്‍ പഠനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. അതിനാല്‍ അവര്‍ക്ക് ഈ സമയത്തുള്ള ലൈവ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. രണ്ടും മൂന്നും കുട്ടികളുള്ള വീടുകളില്‍ പോലും ഒരു ഫോണ്‍ ആശ്രയിച്ച് പഠനം നടത്തേണ്ട അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഏഴുലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നത് അപമാനകരമാണ്. സ്‌പോണ്‍സര്‍മാരെയോ മറ്റോ കണ്ടെത്തി ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ ശ്രമം നടത്തണം. നഗരമേഖലകളില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയും. എന്നാല്‍, അട്ടപ്പാടി പോലുള്ള സ്ഥലങ്ങളില്‍ ഏത് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാകും. ഇത് പൊതുസമൂഹത്തിന്റെ പ്രശ്‌നമെന്ന നിലയിലാണ് പറയുന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനല്ല. ഓരോ ക്ലാസുകളിലും അടിസ്ഥാന പഠന നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. പ്ലസ് ടൂവിന് പഠന നിലവാരം കുറഞ്ഞാല്‍ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം അന്യമാകും. പല വികസിത രാജ്യങ്ങളിലും വളരെ ഭംഗിയായി ഈ സാഹചര്യം നേരിടുന്നുണ്ട്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ എംഎല്‍എ ഫണ്ടിന്റെ ഒരു വിഭാഗം ചെലവഴിക്കാനുള്ള അനുമതി നല്‍കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


ഈ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് കുറവുകള്‍ പരിഹരിക്കാന്‍ സമയം ഉണ്ടായിരുന്നിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് അതിന് ശ്രമിച്ചില്ല. സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിട്ടും കേരളത്തില്‍ പ്ലസ്ടൂ പരീക്ഷ നടത്തുന്നു. പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറിനാണ്. പ്ലസ് ടൂ ക്ലാസുകള്‍ തുടങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതേണ്ടത്. ജൂണ്‍ 21ന് അവരുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ്. ഒരു ക്ലാസിലേക്ക് പ്രമോഷന്‍ കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ട് അവര്‍ മുമ്പ് പഠിച്ച ഭാഗങ്ങള്‍ പരീക്ഷയെഴുതണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടുമില്ല. ഫോക്കസ് ഏരിയാ പോലും ഇനിയും പല സ്‌കൂളുകളിലും രണ്ടാമത് പഠിപ്പിക്കണം. അതായത്, പ്ലസ് ടൂ ക്ലാസില്‍ ഇരുന്നുകൊണ്ട് പ്ലസ് വണ്‍ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥിതിയാണ്. പരീക്ഷ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരോ പൊതുവിദ്യാഭ്യാസ വകുപ്പോ ഇക്കാര്യം പരിശോധിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സാംസ്‌കാരിക നിലയങ്ങളിലും വായനശാലകളിലും ടെലിവിഷനുകള്‍ സജ്ജീകരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. കുട്ടികളെ വീടിന് പുറത്തുവീടാതെ, കൂട്ടം കൂടാന്‍ അനുവദിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ക്ലാസുകള്‍ നടത്താനാവില്ലെന്ന പേരിലാണ് സ്‌കൂളുകള്‍ അടച്ചത്. എന്നാല്‍ വായനശാലകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികള്‍ എത്തണമെന്ന് പറയുമ്പോള്‍ കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവുമൊന്നും ബാധകമല്ലേ. വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുത്ത് മാത്രം ഉപജീവനം നടത്തുന്ന ധാരാളം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ട്യൂഷന് പോകാന്‍ പോലും കുട്ടികളെ അനുവദിക്കില്ലെന്ന് പറയുമ്പോള്‍ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ കൂട്ടമായി കുട്ടികളെ പഠിപ്പിക്കുന്നതിലെ സാംഗത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.