ധീരജവാന് പിറന്ന നാടിന്റെ അന്ത്യാഞ്ജലി; വീരമൃത്യു വരിച്ച വൈശാഖിന്റെ സംസ്‌കാരം ഇന്ന്

rtu
 

കൊല്ലം: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്ന് കുടവട്ടൂർ എൽ പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. ശേഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച് കേണൽ മുരളി ശ്രീധരൻ ഏറ്റുവാങ്ങി. പാങ്ങോട് ക്യാമ്പ് അഡ്മിൻ കമാൻഡന്റാണ് മുരളി ശ്രീധരൻ. സർക്കാരിനായി മന്ത്രി എൻ.ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. എം.പി.കൊടിക്കുന്നിൽ സുരേഷ്, കളക്ടർ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചിരുന്നു. തുടർന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ഭൗതിക ദേഹമെത്തിച്ചു.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.