തൂങ്ങിമരിച്ച മകന്റെ മൃതദേഹം താഴെയിറക്കാന്‍ കയറിയ പിതാവ് അതേ മരത്തില്‍ തൂങ്ങിമരിച്ചു, ഞെട്ടലില്‍ കുടുംബം

suicide

കുന്നംകുളം: തൂങ്ങിമരിച്ച മകന്റെ മൃതദേഹം താഴെയിറക്കാനായി മരത്തില്‍ കയറിയ പിതാവ് അതേ മരത്തില്‍ തൂങ്ങി മരിച്ചു. കുന്നംകുളം, ഇയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബിന് സമീപം ദാമോധരന്‍ (53, കിഴക്കൂട്ട് രാമു), മകന്‍ ശരത് (27) എന്നിവരാണ് മരിച്ചത്. 

അതേസമയം, ഇന്നലെ രാത്രി വൈകിയും ശരത് വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് അനുജനായ സജിത്ത് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തെ വയലിനോട് ചേര്‍ന്നുള്ള മരത്തില്‍  ശരത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വീട്ടില്‍ ഓടിയെത്തി അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശരത്തിനെ താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് ഉടുമുണ്ട് മരത്തില്‍ കെട്ടി പിതാവായ ദാമോദരന്‍ ആത്മഹത്യചെയ്തത്. പിന്നീട് സ്ഥലത്തെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹങ്ങള്‍ താഴെയിറക്കി പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ദാമോധരന്‍ കൂലിപ്പണിക്കാരനാണ്. ടിപ്പര്‍ ഡ്രൈവറായിരുന്ന ശരത് കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. അമ്മ: സജിനി.