പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

yy
കണ്ണൂർ; പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിസ്സാര കാരണങ്ങള്‍ കാട്ടി സംരംഭങ്ങളെ മുടക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറരുത്. സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിച്ച് പഞ്ചായത്ത് ഓഫീസുകളിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കണം. ഓഫീസിലെത്തുന്ന അപേക്ഷകളിലെ കുറവുകള്‍ പരിഹരിക്കാന്‍ നേതൃപരമായി സൗകര്യം ചെയ്യണം. നിയമാനുസൃതമായ എല്ലാ സഹായങ്ങളും ഉറപ്പു നല്‍കി ഫലപ്രദമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനുവരിയോടെ വാതില്‍പ്പടി സേവനം സജീവമാക്കും. കൂടുതല്‍ സംരംഭങ്ങളും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുടുംബശ്രീകളെ ഇതിനായി സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ശിശുവികസവനവകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ മെസ്‌നയെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.തെങ്ങിന്‍ തോപ്പ് തയ്യാറാക്കുന്നതിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള എല്ലാ  പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുക. തളിപ്പറമ്പ് നഗരസഭയിലും കുറുമാത്തൂര്‍ പഞ്ചായത്തിലുമായി 250 ഹെക്ടറിലാണ് തെങ്ങ് കൃഷി. കുറുമാത്തൂര്‍ പഞ്ചായത്തിലെ 150 ഹൈക്ടറില്‍ 26250 തെങ്ങുകളാണ് കൃഷി ചെയ്യുക.

ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ ഭാരതീയ പ്രകൃതി കൃഷി ഉല്‍പാദനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി നിര്‍വഹിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം പി അനൂപ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവന്‍, കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില വീട്, പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാര്‍, കേരഗ്രാമം പ്രസിഡണ്ട് വി വി ഗോവിന്ദന്‍, സെക്രട്ടറി കെ പി മുഹമ്മദ് കുഞ്ഞി, കേര സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.