ചാല മാർക്കറ്റിലെ തീ അണച്ചു

chala

തിരുവനന്തപുരം: ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ശ്രീപത്മനാഭ തിയേറ്ററിന് സമീപം മഹാദേവ് ടോയ്‌സ് സെന്റര്‍ എന്ന് കടയിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ടങ്ങള്‍ ഹോള്‍സെയിലായി വില്‍ക്കുന്ന കടയാണിത്. 

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടഞ്ഞു കിടന്ന കടയിലാണ് അപകടം നടന്നത്. തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. 

കട ഒരു രാജസ്ഥാൻ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. 

തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി.