ഇസ്രായേലില്‍ കൃഷിപഠിക്കാന്‍ പോയ സംഘം തിരിച്ചെത്തി; കാണാതായ കര്‍ഷകനായി അന്വേഷണം തുടരുന്നു

isearl case farmer

 

തിരുവനന്തപുരം:  ഇസ്രായേലില്‍ കൃഷിപഠിക്കാന്‍ കേരളത്തില്‍ നിന്നും പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഇന്ന് തിരിച്ചെത്തിയത്. അതേസമയം, കാണാതായ ബിജു കുര്യനെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്. ഈ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനെ 17ന് രാത്രി മുതല്‍ ഇസ്രയേലിലെ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. ബിജുവിന്റെ വിരലടയാളം ഇസ്രയേല്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 

അതിനിടെ താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരന്‍ ബെന്നി പറഞ്ഞു. അതേസമയം, ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. എംബസിയിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.