പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പോലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി

pink police

തിരുവനന്തപുരം: പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പോലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ ഉണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെൺകുട്ടിയെ പിങ്ക് പോലീസ് അപമാനിച്ചിരുന്നു.

ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. പൊതുജനം നോക്കി നിൽക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻറ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പോലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പിയ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താത്പര്യപ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. തനിക്ക് ഉണ്ടായ മാനസീകാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പെൺകുട്ടിയുടെ ഹർജിയിൽ പറയുന്നു.