ഉത്രയെ കൊലപ്പെടുത്തിയതിൽ സൂരജ് ഒരിക്കല്‍പോലും പശ്ചാത്തപിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

sooraj
കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയതിൽ സൂരജ് ഒരിക്കല്‍പോലും പശ്ചാത്തപിച്ചിട്ടില്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും കൊല്ലം റൂറൽ എസ്.പിയുമായിരുന്ന ഹരിശങ്കർ. അപൂർവത്തിൽ അപൂർവം എന്ന് വിശേഷിപ്പിക്കാവുന്ന കേസിന്‍റെ വിധി വരാനിരിക്കെയാണ് ഹരിശങ്കർ മാധ്യമങ്ങളോട് മനസ്സ് തുറന്നത്.

വളരെ വിദഗ്ധമായി കുറ്റം ഒളിപ്പിക്കാനും തെറ്റായ മൊഴികൾ നൽകി കബളിപ്പിക്കാനും പലതും പ്ലാൻ ചെയ്യാനും കഴിയുന്ന വ്യക്തിയാണ് സൂരജ്. ഒരിക്കൽ പോലും അയാൾ സ്വന്തം ഭാര്യയെ സ്വത്തിനുവേണ്ടി കൊല ചെ്യതതിൽ പശ്ചാത്തപിക്കുന്നതായി തോന്നിയിട്ടില്ല. ശാസ്ത്രീയമായ തെളിവുകളാണ് അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോയത്.

തെളിവുകൾ കാണിക്കുമ്പോൾ അത് മാത്രം സമ്മതിക്കും. മറ്റ് കാര്യങ്ങൾ ഒളിപ്പിച്ചുവെക്കും. അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ് കുറ്റം സൂരജ് പൂർണമായും സമ്മതിച്ചതെന്നും ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പോസിറ്റീവായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു.