സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി

highcourt
 

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി. മദ്യവിൽപന ശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഎം സുധീരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തിൻറെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഒരാൾ മദ്യപിക്കരുതെന്ന് പറയാൻ കോടതിക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ അവർ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ടത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.