ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത്; വിഡി സതീഷന്‍

vd satheesan 31/5

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശത്തെ ധ്വംസിക്കുന്നതുമായ നടപടികളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം എന്ന പ്രമേയത്തെ പിന്തുണച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ പൂര്‍ണ രൂപം താഴെ:

നമ്മുടെ രാജ്യത്ത് എവിടെ പോയാലും കാണാന്‍ കഴിയാത്ത ഇത്രമാത്രം നിഷ്‌കളങ്കരുള്ള മനുഷ്യര്‍ ജീവിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ആ മനുഷ്യരുടെ ജീവിതത്തിന് മേല്‍ ജനാധപത്യ വിരുദ്ധവും മനുഷ്യാവകാശത്തെ ധ്വംസിക്കുന്നതുമായ സാംസ്‌കാരിക അധിനിവേശമാണ് കേന്ദ്ര സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററിലൂടെ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. 1956ല്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചുകൊണ്ടുള്ള ഭരണഘടനയുടെ ഏഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ അവകാശങ്ങള്‍ വന്നത്. അന്ന് അതിനൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം പൂര്‍ണമായും പരജായപ്പെടുത്തുന്നതാണ് ഇപ്പോള്‍ വന്നിരക്കുന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി നിയമത്തിന്റെ ഡ്രാഫ്റ്റ്. അവിടെയുള്ള സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനും സ്വത്തിനും മേലുളള അവകാശം ഏത് സമയത്തും ഗവണ്‍മെന്റിന് ഇടപെട്ട് ഏറ്റെടുക്കാനും അവരെ ആ ഭൂമിയില്‍ നിന്ന് അവരെ ഒഴിവാക്കാനുമുള്ള നിയമവ്യവസ്ഥകള്‍ ഈ ഡ്രാഫ്റ്റിലുണ്ട്.


നാളികേരം, മല്‍സ്യബന്ധനം എന്നിവ കൊണ്ട് ജീവിക്കുന്ന മനുഷ്യ സമൂഹമാണ് അവിടെയുള്ളത്. നാളികേരവും മല്‍സ്യവും സൂക്ഷിച്ചുവെയ്ക്കാന്‍ ഉണ്ടാക്കിയ, പതിറ്റാണ്ടുകളായി കൈവശമുള്ള ഷെഡ്ഡുകള്‍ പൊളിച്ചു കളഞ്ഞ് അവരുടെ ജീവിതത്തെ തന്നെ വെല്ലുവിളിക്കുന്നു. അവരുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുന്നു. ഈ നാട്ടില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ട്. ആ ഭരണഘടനയ്ക്ക് കാവലാളാകേണ്ട ഭരണകൂടം അതിനെ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. സോണ്‍ മാറ്റുന്നതിന് കനത്ത ഫീസും അതുമായി സഹകരിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷയും എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ.
ഏത് സമയത്തും വെള്ളം പൊങ്ങുന്നത് കൊണ്ടാണ് ആളുകള്‍ ഈ ഷെഡ്ഡുകളില്‍ അവരുടെ ഉപജീവന മാര്‍ഗ്ഗത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്നത്. ദുര്‍ബലമായ പരിസ്ഥിതി, പരമ്പരാഗതമായ സമൂഹം, കുറഞ്ഞ സമ്പദ് വ്യവസ്ഥ എന്നിവ നിലനില്‍ക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ ആ ജനപഥങ്ങളുടെ ജീവിതക്രമത്തെ മാറ്റിമറിക്കും. വിചിത്രമായ ഒരു പഞ്ചായത്ത് ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ട്. രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്തില്‍ മല്‍സരിക്കാന്‍ കഴിയില്ല. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിലാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ വിചിത്രമായ വ്യവസ്ഥ വരുന്നത്. ഈ ഡ്രാക്കോണിയന്‍ നിയമത്തെ അറബിക്കടലില്‍ എറിയാനുള്ള തീരുമാനമാണ്  ഈ രാജ്യത്ത് ഉണ്ടാകേണ്ടത്.


ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും ഒരു ക്രിമിനല്‍ പോലും ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ഈ രാജ്യത്ത് കുറ്റകൃത്യ അനുപാതം ഏറ്റവും കുറവുള്ള സ്ഥലം, സ്ത്രീകള്‍ക്കെതിരായ ഒരു അതിക്രമം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത, കൊലപാതകങ്ങളില്ലാത്ത, മോഷണമില്ലാത്ത, സ്ഥാപനങ്ങളുടെ വാതിലുകള്‍ താഴിട്ടു പൂട്ടാത്ത ഇന്ത്യയിലെ ഏക പ്രദേശത്തെ പാവങ്ങളെ പീഡിപ്പിക്കാന്‍ ഭരണകൂടം ഗുണ്ടാ ആക്ട് കൊണ്ടുവന്നു. ഒരു കോവിഡ് രോഗി പോലും ലക്ഷദ്വീപില്‍ ഉണ്ടായിരുന്നില്ല. അവിടെ നിലനിന്നിരുന്ന സ്റ്റാന്റേഡ് ഓപ്പറേറ്റീവ് പ്രൊസിജ്യര്‍ പൂര്‍ണമായും ഈ അഡ്മിനിസ്ട്രേറ്റര്‍ അട്ടിമറിച്ചു. 68 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തലത്തിലേക്ക് കോവിഡ് വ്യാപനമുണ്ടാക്കി.
നൂറ് കണക്കിന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സര്‍ക്കാരിന്റെ ഡയറിയില്‍ മാത്രം പശുക്കളുള്ള സ്ഥലത്ത് ബീഫ് നിരോധനം കൊണ്ടുവന്നു. ഗോവധത്തിന് പത്തുവര്‍ഷം വരെയുള്ള തടവുശിക്ഷയും അഞ്ചുലക്ഷം വരെ ഫൈനുമാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലാണ് ഇതുപോലുള്ള കിരാതമായ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഓര്‍ക്കണം. സ്‌കൂള്‍ ഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം മാറ്റി. നിങ്ങള്‍ എന്തുകഴിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നുള്ള ധിക്കാരപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ചരക്കുനീക്കം നടക്കുന്നത് കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്നാണ്. അവിടെ നിന്ന് മംഗലാപുരത്തേക്ക് ചരക്കുനീക്കം മാറ്റണം എന്ന ഏകപക്ഷീയമായ തീരുമാനം വന്നിരിക്കുന്നു.


ലക്ഷദ്വീപില്‍ ആളുകള്‍ മദ്യപിക്കാറില്ല. മദ്യനിരോധനമുള്ള ആ പ്രദേശത്ത് മദ്യം വിളമ്പാനുള്ള തീരുമാനമെടുത്തു. ജനാധിപത്യ സംവിധാനങ്ങളെയും  ഭരണഘടനയെയും കാറ്റില്‍പ്പറത്തി ഒരു ഭരണകൂടത്തിന് എന്തുമാകാം എന്ന ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ഈ നടപടി. ഒരു ജനസഞ്ചയത്തിന്റെ അവകാശങ്ങളുടെയും സംസ്‌കാരത്തിന്റെയും കാവലാളാകേണ്ട ഭരണകൂടം അടിച്ചമര്‍ത്തലിന്റെ പ്രതിരൂപമായി മാറുകയാണ്. ഇതൊരു സംഘ്പരിവാര്‍ അജണ്ടയാണ്. ലക്ഷദ്വീപിനെ ഒരു പരീക്ഷണ ശാലയാക്കി മാറ്റുകയാണ്. അത് വിജയിച്ചാല്‍ ഈ രാജ്യം മുഴുവന്‍ കിരാതമായ നിയമങ്ങള്‍ ജനങ്ങളുടെ മീതേ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോയെന്ന പരീക്ഷണമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്.


കേരളവുമായി ഭാഷാപരമായും സാംസ്‌കാരികവുമായും ഭൂമിശാസ്ത്രപരമായും ബന്ധമുള്ള പ്രദേശമാണ്. നമ്മുടെ സഹോദരന്മാരാണ് ലക്ഷദ്വീപ് നിവാസികള്‍. രാജ്യമാകെ പ്രതിഷേധമുയരുമ്പോള്‍ കേരളം ഒരുമിച്ച് പ്രതിഷേധക്കടലായി ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനും അദ്ദേഹം ഇതുവരെ നടപ്പാക്കിയ ഉത്തരവുകള്‍ പിന്‍വലിക്കാനും നടപടി വേണം. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് തുടക്കത്തിലേ തിരിച്ചടി നല്‍കിയില്ലെങ്കില്‍, മുളയിലേ നുള്ളിയില്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ ജീവിതത്തെ മുഴുവന്‍ ബാധിക്കാന്‍ പോകുന്ന ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മതേതര മൂല്യങ്ങള്‍ക്കും  കടയ്ക്കല്‍ കത്തിവെയ്ക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിനെതിരെ ഈ കേരള നിയമസഭ തന്നെ ആദ്യം പ്രമേയം പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.