അവസാന സിംഹവും ചത്തു; സിംഹങ്ങളില്ലാതെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്

bin

തിരുവനന്തപുരം: കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന അവസാന സിംഹവും ചത്തു. 21 വയസുള്ള ബിന്ദുവെന്ന പെണ്‍സിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. ഇതോടെ പേരില്‍ മാത്രം സിംഹമുളള പാര്‍ക്കാവുകയാണ് ലയണ്‍ സഫാരി.


രണ്ടായിരത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്ന ബിന്ദുവിന്റെ ആരോഗ്യ നില കഴിഞ്ഞയാഴ്ചയാണ് മോശമായത്. ബിന്ദു കഴിഞ്ഞ ഒരാഴചയിലധികമായി ട്രീറ്റ്‌മെന്റ് കേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സിംഹം ചത്തത്. സിംഹ സഫാരി പാര്‍ക്കില്‍ ഇനി അവശേഷിക്കുന്നത് ചികിത്സയ്ക്കായി എത്തിച്ച രണ്ട് കടുവകള്‍ മാത്രമാണ്.

1984 ല്‍ നാല് സിംഹങ്ങളുമായായിരുന്നു നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം. 17 സിംഹമുള്ള കാലമുണ്ടായിരുന്നു. പിന്നീട് സിംഹങ്ങളുടെ എണ്ണം കുറയ്ക്കാന്‍ 2005 ല്‍ വന്ധ്യംകരണം നടത്തി. പിന്നാലെയുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാര്‍ക്കിന്റെ നാശത്തിന് തുടക്കമിട്ടത്. 
 
15 മുതല്‍ 18 വയസ് വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്.