കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

k sudhakaran
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് ഹൈക്കമാന്‍ഡിന് ഇന്നലെ  അന്തിമ പട്ടിക കൈമാറി. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. നിലവിലെ കെപിസിസി ഭാരവാഹികളെയും പരിഗണിച്ചിട്ടില്ല. എന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന.

മുന്‍ ഡിസിസി പ്രസിഡന്റുമാരായ യു രാജീവന്‍, എംപി വിന്‍സെന്റ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയാണ് അവസാനഘട്ടത്തില്‍ തര്‍ക്കം നിലനിന്നത്. ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്.

കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയെയും കെപിസിസി ഭാരവാഹി പട്ടികയിലേക്ക് പരിഗണിച്ചില്ല. അതേസമയം കെപിസിസി ഭാരവാഹിയായിരുന്ന പത്മജയ്ക്ക് ഇളവു നല്‍കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. വി പി സജീന്ദ്രന്‍, ശിവദാസന്‍ നായര്‍ എന്നിവർ  ജനറല്‍ സെക്രട്ടറിമാരാകും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി നായർ  മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌ന എന്നിവരും ജനറല്‍ സെക്രട്ടറിമാരാകും. വൈസ് പ്രസിഡന്റ് പദവിയില്‍ വനിതകള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സമുദായ സമവാക്യം, ദളിത് - വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പ് വരുത്തിക്കൊണ്ടുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.