ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്, അടുത്ത തവണ തോറ്റുപോകുമെന്ന് ഷാഫി പറമ്പിലിനോട് സ്പീക്കര്‍

speaker

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്ന് ഷാഫി പറമ്പിലിനോട് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനം കാണുന്നുണ്ടെന്നും മുഖം മറച്ച് ബാനര്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.

ഷാഫി പറമ്ബില്‍, ടിജെ വിനോജ്, സിആര്‍ മഹേഷ് കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം. എല്ലാവരും വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചുവന്നവരാണെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ബ്രഹ്‌മപുരം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷനിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് ആദ്യം തന്നെ സ്പീക്കര്‍ നിലപാടെടുത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തി. ഇതാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്.