മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍.എസ്.പി

sbj

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ മുന്നണി വിടാനില്ലെന്ന് ആര്‍.എസ്.പി. പരാജയത്തിന്‍റെ കാരണം യു.ഡി.എഫിന്‍റെ സംഘടന ദൗര്‍ബല്യമാണെന്നും മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്‍.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് യു.ഡി.എഫിനില്ലാതെ പോയതാണ് തോല്‍വിക്ക് കാരണമായത്. മുന്നണി സംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. ആഗസ്റ്റ് ഒമ്ബതിന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഷിബു ബേബി ജോണ് പറഞ്ഞു‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.  

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. 
  
അതേസമയം, ഏതെങ്കിലും മുന്നണിയിലേക്ക് പോകാന്‍ കോവൂര്‍ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ആര്‍.എസ്.പിക്ക് അത്ര ഗതികേടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 2014നു ശേഷം എല്‍.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആര്‍.എസ്.പിക്ക് എല്‍.ഡി.എഫിലേക്ക് പോകേണ്ടി വന്നാല്‍ ആരോടാണ് സംസാരിക്കേണ്ടെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.