സംസ്ഥാനത്തെ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു

pinarayi.
തിരുവനന്തപുരം: സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു. കോവിഡ്​ അ​വലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്​ തീരുമാനം പ്രഖ്യാപിച്ചത്​. സംസ്ഥാനത്ത്​ ടിപിആർ കുറഞ്ഞുവെന്ന്​ അദ്ദേഹം പറഞ്ഞു.

ആഗസ്റ്റിൽ 18 ശതമാനത്തിന്​ മുകളിലുണ്ടായിരുന്ന ശരാശരി ടിപിആർ സെപ്​റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നാണ്​ മുഖ്യമന്ത്രി വ്യക്​തമാക്കിയിരിക്കുന്നത്​. ഒക്​ടോബർ നാല്​ മുതൽ സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും തുറക്കും. അവസാന വർഷ വിദ്യാർഥികൾക്ക്​ മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ്​ പ്രതിരോധത്തിനൊപ്പം നിപക്കെതിരായ പ്രതി​രോധവും ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. നിപക്കെതിരെ എല്ലാ ജില്ലകളും ജാ​ഗ്രത പുലർത്തണമെന്ന്​ അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്ത്​ മൂന്ന്​ കോടി ഡോസ്​ വാക്​സിൻ ഇതുവരെ വിതരണം ചെയ്​തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.