ഉത്ര വധക്കേസില്‍ നാളെ വിധി പറയും

gh
 

കൊല്ലം ഉത്രാ വധക്കേസിൽ വിധി നാളെ. ഉത്ര മരിച്ച് ഒരു വർഷവും, 5 മാസവും 4 ദിവസവും തികയുമ്പോളാണ് കൊല്ലം ജില്ലാ അഡിഷനൽ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക.

വിചാരണക്കിയടില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 289 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കും എന്നാണ് പ്രതീക്ഷ എന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. 

 2020 മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഉത്ര സ്വന്തം വീട്ടിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്.കൊലപാതകം നടത്തിയ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്. ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡ‍മ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. 

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട്‌ കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്‍കിയ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് നാളെ വിധി പറയുന്നത്.