ബജറ്റ് നിരാശജനാകാമെന്ന് വെൽഫെയർ പാർട്ടി

Hameed vaniyambalam

കോഴിക്കോട്: സംസ്ഥാന ബജറ്റ് മുന്‍ സര്‍ക്കാരി​ന്റെ അവസാന ബജറ്റിന്റെ ആവര്‍ത്തനം മാത്രമാണെന്നും ജനങ്ങളുടെ തകര്‍ന്നടിഞ്ഞ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ പ്രത്യേക സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലാതെ പോയത് നിരാശാജനകമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം. പ്രവാസികൾക്കായി നീക്കി വെച്ച പണം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന അടിയന്തിര പ്രശ്നങ്ങളിലൊന്നാണ് ലോക്ഡൗണടക്കമുള്ള നിയന്ത്രണങ്ങളാല്‍ തകര്‍ന്നടിഞ്ഞ പ്രാദേശിക സമ്പദ്ഘടന.തൊഴില്‍ - വരുമാന നഷ്ടം മൂലം ജനങ്ങളുടെ കയ്യില്‍ പണമില്ലാത്തത് പ്രാദേശിക മാര്‍ക്കറ്റുകളെ നിശ്ചലമാക്കും. ഇത് കേരളത്തിലെ റവന്യൂവിനെ തന്നെ കാര്യമായി ബാധിക്കും. ഇത് മറികടക്കാന്‍ ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തുന്ന നിലയിലുള്ള നിര്‍ദ്ദേശമാണ് ഉണ്ടാകേണ്ടിയിരുന്നത്.

ബജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച്‌ ധനമന്ത്രി പ്രതീക്ഷ നല്‍കി എങ്കിലും അതെല്ലാം നിലവിലെ പദ്ധതികള്‍ കൂട്ടി ചേര്‍ത്തുള്ളതാണ് എന്ന് അദ്ദേഹം തന്നെ പിന്നീട് വിശദീകരിച്ചതോടെ ബജറ്റിന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ മുന്‍ നിര്‍ത്തി ദുരന്ത നിവാരണത്തിന് ഭാവനാപൂര്‍ണ്ണമായതും ആധുനികമായതുമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നു.

കോവിഡ് കാലത്ത് ആരോഗ്യ മേഖലക്ക് നീക്കി വെച്ച തുക പര്യാപ്തമല്ല. പ്രാഥമിക ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ ശൃംഖല കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. അതേ സമയം അധിക നികുതി നിര്‍ദ്ദേശമില്ല എന്നത് ആശ്വാസകരമാണ്. കോവിഡ് മൂന്നാം വ്യാപനത്തെ മുന്‍കൂട്ടി കണ്ട് കുട്ടികളുടെ ചികില്‍സാ സൗകര്യം പരിമിതമായെങ്കിലും മെച്ചപ്പെടുത്താനുളള ശ്രമം സ്വാഗതാര്‍ഹമാണ്.

ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വായ്പയല്ലാതെ മാറ്റി വെച്ച തുക അപര്യാപ്തമാണ്. വായ്പ മറ്റൊരു പ്രതിസന്ധിയായി മാറാന്‍ ഇടയുണ്ട്. ബജറ്റ്​ പാസ്സാക്കുന്നതിന് മുമ്ബ് ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.