നിർമാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂര തകർന്ന വീണ് തൊഴിലാളി മരിച്ചു

dd

പത്തനംതിട്ട: നിർമാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂര തകർന്ന വീണ് തൊഴിലാളി മരിച്ചു. കോന്നിയിലാണ് അപകടമുണ്ടായത്. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെയാണ് അപകടമുണ്ടായത്. വീടിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണതിനെത്തുടർന്നായിരുന്നു അപകടം.

ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപെട്ടുപോയ അതുലിന്റെ മൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്ത് എടുത്തത്. തട്ട് പൊളിക്കുന്ന ജോലിയിൽ ഏർപെട്ടവരടക്കം അഞ്ചു തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നു. രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയിൽ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായത്.

ഇത് പൊളിക്കുന്ന സമയത്ത് മേൽക്കൂര അടർന്ന് അതുലിന്റെ ദേഹത്ത് പതിച്ചു. ഒപ്പമുണ്ടായിരുന്നവർക്ക് രക്ഷാപ്രവർത്തനം നടത്തി അതുലിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഭിത്തിക്ക് മുകളിൽ തകർന്ന് വീണ കോൺക്രീറ്റിന് ഇടയിൽ അതുൽ പെടുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ്  മൃതദേഹം പുറത്തെടുത്തത്.