പൊലീസ് ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് എലിവിഷം കഴിച്ച നിലയിൽ

police

മാനന്തവാടി: പൊലീസ് ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി. കുറുമകോളനിയിലെ അര്‍ജ്ജുന്‍ (24) നെയാണ് എലിവിഷം അകത്ത്​ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

കൊലപാതകം നടന്ന വീടിന് സമീപത്തായിരുന്നു അർജ്ജുൻ താമസിച്ചിരുന്നത്. പൊലീസ്​ ചോദ്യം ചെയ്യലിനിടെ യുവാവ് സ്‌റ്റേഷനില്‍ വെച്ച് കയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിച്ചതായാണ് സൂചന. കൊലപാതകത്തില്‍ യുവാവിന് പങ്കുണ്ടോ എന്നതിനെ കുറിച്ച്​ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല. 

ജൂണ്‍ 10ന് രാത്രിയിലാണ് റിട്ട. അധ്യാപകന്‍ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) കുത്തേറ്റ് മരിച്ചത്. തുടർന്ന്​ മാനന്തവാടി ഡി വൈ എസ് പി എ.പി. ചന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ നിരവധിയാളുകളെ കേസുമായി ബന്ധപ്പെട്ട്​ ഇതിനകം ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അര്‍ജുനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.