×

ഇത്തവണ " വർണ്ണപകിട്ട്" ഇല്ല,പകരം 'ഫെസ്റ്റ്': വിയോജിപ്പുമായി ഒരുവിഭാഗം

google news
Eb
കണ്ണൂര്‍: ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്കായി നടത്തിയിരുന്ന 'വര്‍ണപ്പകിട്ട്' കലോത്സവം ഈ വര്‍ഷം ഒഴിവാക്കി സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവ്.മത്സരങ്ങള്‍ ഉപേക്ഷിച്ച്‌ കലാപ്രകടനങ്ങളുടെ പ്രദര്‍ശനമെന്നോണം 'വര്‍ണപ്പകിട്ട് ട്രാൻസ്ജെൻഡര്‍ ഫെസ്റ്റ്' സംഘടിപ്പിക്കും. ഇതിനെതിരേ ട്രാൻസ് സമൂഹത്തില്‍നിന്ന് വിയോജിപ്പ് ഉയര്‍ന്നു.
    
ഫെബ്രുവരി 10, 11 തീയതികളില്‍ തൃശ്ശൂരിലാണ് ഫെസ്റ്റ് നടത്തുന്നത്. ഭരണപക്ഷത്തിന് സ്വീകാര്യരായവരെ മാത്രം പങ്കെടുപ്പിക്കാനാണ് മത്സരങ്ങള്‍ ഒഴിവാക്കിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സ്വജനപക്ഷപാതം ആരോപിച്ച്‌ കഴിഞ്ഞ കലോത്സവത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
    
ഇത്തരം പ്രതിഷേധങ്ങള്‍ ഇത്തവണ ഒഴിവാക്കാനാണ് മത്സരമേ ഉപേക്ഷിച്ചതെന്ന് കേരള പ്രദേശ് ട്രാൻസ്ജെൻഡര്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി രക്ഷാധികാരി അരുണിമ സുല്‍ഫിക്കര്‍ പറയുന്നു. "വേണ്ടപ്പെട്ടവര്‍ക്ക് മാത്രം മതി അംഗീകാരങ്ങള്‍ എന്ന ലക്ഷ്യത്തിലാണ് ഇത്തരം പ്രഹസനങ്ങള്‍. ഉത്തരവിനെതിരേ പ്രതിഷേധം ഉയര്‍ത്തും"- അരുണിമ പറഞ്ഞു.
    
ജില്ലാതലത്തിലും മത്സരങ്ങളില്ല. പകരം സ്ക്രീനിങ് നടത്തി ഫെസ്റ്റില്‍ പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കാനാണ് നിര്‍ദേശം. ഓരോ ജില്ലയ്ക്കും വ്യക്തിഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി അഞ്ചിനങ്ങളില്‍ മാത്രം പങ്കെടുക്കാമെന്നാണ് ഉത്തരവ്. ഏതൊക്കെ ഇനങ്ങളാണെന്നുള്ളത് അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്കും ട്രാൻസ്ജെൻഡര്‍ ജസ്റ്റിസ് കമ്മിറ്റിയിലെ ട്രാൻസ് അംഗങ്ങള്‍ക്കും നിശ്ചയിക്കാം. ഒരാള്‍ക്ക് ഒരു വ്യക്തിഗത ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകൂ. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി 11 വ്യക്തിഗത ഇനങ്ങളും ഒപ്പന, സംഘനൃത്തം, തിരുവാതിര എന്നിങ്ങനെ മൂന്ന് ഗ്രൂപ്പിനങ്ങളുമാണുള്ളത്.
   
തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 25-നകം ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. 2019-ലാണ് 'വര്‍ണപ്പകിട്ട്' ട്രാൻസ്ജെൻഡര്‍ കലോത്സവം ആരംഭിച്ചത്. ട്രാൻസ്ജെൻഡര്‍ നയത്തിന്റെ ഭാഗമായി ട്രാൻസ് വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ഇവരുടെ ദൃശ്യത പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു കലോത്സവം.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു