തൊണ്ടിമുതല്‍ മോഷണക്കേസ്; ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

antony raju

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എഫ്ഐആര്‍ റദ്ദാക്കിയത്.

സംഭവത്തില്‍ പൊലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. ആന്റണി രാജു , ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

അതേസമയം, 1994 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കടത്തിയ കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍നിന്നു മാറ്റി മറ്റൊന്നു വച്ചെന്നാണ് ആക്ഷേപം.