×

കലോത്സവത്തില്‍ നിശ്ചിത സമയത്ത് എത്താത്തവരെ ഒഴിവാക്കും: നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസമന്ത്രി

google news
Sb

കൊല്ലം: സ്കൂള്‍ കലോത്സവത്തിലെ മത്സരക്രമത്തിന്‍റെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നത അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനം.കലോത്സവ വേദികളില്‍ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

   

സംഘാടകസമിതി ഓഫീസില്‍ ചേര്‍ന്ന ജില്ലാ ടീം കോ ഓര്‍ഡിനേറ്റര്‍മാരുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപ്പീലുകളുടെ ആധിക്യവും കുട്ടികള്‍ വേദിയിലെത്താൻ വൈകുന്നതും മല്‍സരങ്ങള്‍ വൈകുന്നതിന് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയക്രമം പാലിക്കാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

 

മല്‍സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കുട്ടികള്‍ വേദിയില്‍ സമയത്തിനെത്തി എന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ ഉറപ്പുവരുത്തണം. ഒന്നിലധികം മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററില്‍ ക്രമീകരണം നടത്തും. അതിനായി നേരത്തേ ക്ലാഷ് ലിസ്റ്റ് തയ്യാറാക്കി കുട്ടികളെ അറിയിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും 14 ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും അതുവഴി നിര്‍ദേശങ്ങള്‍ കൃത്യമായി വിനിമയം ചെയ്യാനും തീരുമാനിച്ചു. മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയികള്‍ക്ക് മെമെന്റോ വിതരണം ചെയ്യും.

  

സമാപന ദിവസം ഉച്ചക്ക് ഒരു മണിക്ക് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വേദികളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ സൗജന്യ ഓട്ടോ സേവനം പ്രയോജനപ്പെടുത്താം . മല്‍സരങ്ങള്‍ നല്ലനിലയില്‍ പുരോഗമിക്കുന്നതായും കുട്ടികള്‍ സന്തുഷ്ടരാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോൻ, 14 ജില്ലകളിലെയും കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

              

Tags