'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു', ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധഭീഷണി

threatening call to dysp who investigate rss leader sreenivasan murder case
 


പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനെതിരെയാണ് പോപ്പുലർ ഫ്രണ്ടിന്‍റെ പേരിൽ ഭീഷണി സന്ദേശമെത്തിയത്.

വിദേശത്ത് നിന്നും ഫോണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭീഷണി സന്ദേശമെത്തിയത്. 'ശവപ്പെട്ടി തയാറാക്കി വച്ചോളു' എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി.  സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
 

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ദിവസങ്ങൾക്ക് മുമ്പ് ഒരാൾ കൂടി അറസ്റ്റിലായിരുന്നു. കേസിൽ 36ാം പ്രതിയായ പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിൽ ഒക്ടോബറിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്.പി അമീർ അലി അറസ്റ്റിലായിരുന്നു. ഗൂഢാലോചന കേസിലായിരുന്നു അറസ്റ്റ്. പുതിയ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 32 ആയി. കേസിൽ സെപ്തംബർ 19ന് പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അറസ്റ്റിലായിരുന്നു.

ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.