തിരൂരിലെ മൂന്നര വയസുകാരന്‍റെ മരണകാരണം ക്രൂരമർദനം; ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവും

തിരൂരിലെ മൂന്നര വയസുകാരന്‍റെ മരണകാരണം
 

മലപ്പുറം: തിരൂരിലെ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദനമേറ്റത് കൊണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂർവം മർദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. 

തിരൂർ ഇല്ലത്തുപാടത്തെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് രണ്ടാനച്ഛൻ അർമാൻ സ്വകാര്യാശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. 

തുടർന്ന് ഇയാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. മാതാവ് മുംതാസ് ബീഗവും പൊലീസ് കസ്റ്റഡിയിലുണ്ട്. ഒരാഴ്ച മുമ്പാണ് കുടുംബം ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച ഇവർ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവർ പറഞ്ഞു. പൊലീസ് ഇവർ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി.