ടിക്കറ്റ് എടുത്തില്ല; മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി പോലീസിന്‍റെ ക്രൂരത

police brutality towards a passenger in maveli express

കണ്ണൂർ: മാവേലി എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് പോലീസിന്‍റെ ക്രൂരമര്‍ദനം. ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന കുറ്റം ആരോപിച്ച് യാത്രക്കാരനെ കരണത്തടിച്ച് നിലത്തിട്ട് ചവിട്ടി വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. യാത്രക്കാരൻ്റെ പേരടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചില്ല. കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ എഎസ്ഐക്കെതിരെയാണ് ആരോപണം. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനാണ് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മർദിച്ചത്. സഹയാത്രികർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സ്ലീപ്പർ കമ്പാർട്ട്മെന്‍റിൽ ടിക്കറ്റ് പരിശോധിക്കാൻ പോലീസുകാരൻ വരികയായിരുന്നു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലീസുകാരൻ ടിക്കറ്റ് പരിശോധിച്ചത്. എന്നാൽ തന്‍റെ കൈയിൽ ജനറൽ കോച്ചിലെ ടിക്കറ്റാണുള്ളതെന്ന് യാത്രക്കാരൻ അറിയിച്ചു. ഈ ടിക്കറ്റിനായി ബാഗിൽ തിരയുമ്പോഴാണ് പോലീസുകാരൻ മർദനം തുടങ്ങിയത്.

തല്ലി നിലത്ത് വീഴ്ത്തിയ യാത്രക്കാരനെ ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിൽ ചവിട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൂരമർദനം കണ്ടതോടെ യാത്രക്കാർ ഇടപെട്ടു. എന്നാൽ, യാത്രക്കാരുടെ സുരക്ഷക്കായാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു പോലീസുകാരന്‍റെ മറുപടി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

അതേസമയം, എഎസ്ഐയുടെ അതിക്രമം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. റെയില്‍വേ എസ് പിയോട് ഇന്‍റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ക്രൂരമായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.