ഇന്ന് കർക്കിടകം ഒന്ന് ; വ്രതശുദ്ധിയില്‍ രാമായണമാസാരംഭത്തിന് തുടക്കം

cgf

ഇന്ന് കർക്കിടകം ഒന്ന്.പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കും മുമ്പ് മലയാളി രാമായണശീലുകളിലേക്ക് കടക്കുകയാണ്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും ശ്രീരാമകഥയുടെ ശീലുകള്‍ നിറയുകയാണ്.കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.

കർക്കിടകത്തെ  വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പഴമൊഴി.രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌.

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കർക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കർക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല.മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. 

ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിവസമാണത്.. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.

ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് ഈ മാസം. കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയായാണ് രാമായണ പാരായണത്തെ വിശ്വാസികള്‍ കാണുന്നത്.മനുഷ്യ മനസുകൾക്കുള്ളിൽ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യമാണ് രാമായണം.  കർക്കിടകം ഒന്നായ ഇന്ന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന ആരംഭിക്കാം.