ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപവും ഭൂമിയും സഹോദരിയുടെ മകള്‍ക്ക്: ഹൈക്കോടതി

k r gowriamma

കൊച്ചി: കെ ആര്‍  ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊന്‍പതു സെന്‍റ് ഭൂമിയുടെ അവകാശവും സഹോദരിയുടെ മകള്‍ ഡോ. പി സി ബീനാകുമാരിക്ക് കൈമാറണമെന്ന് ഹൈകോടതി. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്.

അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത് ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയാണ്.

സ്വത്തിന് ഉടമ ബീനാകുമാരിയെന്ന് ഗൗരിയമ്മ വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ എന്‍ നന്ദകുമാര മേനോന്‍  പറഞ്ഞു. ആലപ്പുഴയിലെ പത്തൊന്‍പതു സെന്റ് ഭൂമിക്കും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപവും ബീനാകുമാരിക്കുള്ളതാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനാണ് 102-ാം വയസ്സില്‍ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചത്.