അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസ്: രണ്ട് പ്രതികളും അറസ്റ്റില്‍; ഒരാള്‍ സിപിഎം പ്രാദേശിക നേതാവ്

arrest
 

അടിമാലി: ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികളും അറസ്റ്റിലായി. അടിമാലി സ്വദേശികളായ ജസ്റ്റിൻ, സഞ്ജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന സഞ്ജു സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സഞ്ജു സിപിഎം അടിമാലി സൽക്കാര ബ്രാഞ്ച് സെക്രട്ടറിയാണ്. 

സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നിരുന്നു. സമ്മർദത്തിനൊടുവിൽ ഇന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. 

മർദനമേറ്റ വിനീതിനെ വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌സി/എസ്ടി പീഡനനിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്.
 
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ വിനീതിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേയ്ക്ക് ഓടിക്കറി. പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി.

പ്രതികളിൽ ഒരാളായ ജസ്റ്റിനെ ഇന്നു രാവിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മർദനം നടന്ന ശിവരാത്രിയിൽ ക്ഷേത്ര അങ്കണത്തിൽ അടിയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ പിടികൂടുന്നത്.