×

ഒറ്റപ്പാലത്ത് 270 കിലോയിലധികം ചന്ദനത്തടിയുമായി രണ്ടുപേര്‍ പിടിയില്‍

google news
Hj

ഒറ്റപ്പാലം: ഫര്‍ണീച്ചറെന്ന വ്യാജേന പിക്കപ്പ് വാനിൽ കടത്തിയ 270 കിലോയിലധികം ചന്ദനത്തടിയുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. പെരുമ്പാവൂർ അല്ലപ്ര സ്വദേശികളായ നിസാർ, മുഹമ്മദ്കുഞ്ഞ് എന്നിവരെയാണ് ഒറ്റപ്പാലം റേഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പാലക്കാട് തിരുവാഴിയോട് സെക്ഷൻ പരിധിയിൽ നിന്നു കടത്താൻ ശ്രമിച്ച ചന്ദനം അകമല ഭാഗത്ത് നിന്നാണ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

  

ടാര്‍പോളിന്‍ മൂടിയ വാനിന്റെ ഫ്ളാറ്റ്ഫോമില്‍ ചന്ദനം ഒളിപ്പിച്ചിട്ടുള്ളതായി വനംവകുപ്പ് തിരുവനന്തപുരം ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു. പിന്നാലെ തിരുവനന്തപുരത്തെയും തൃശൂരിലെയും ഉദ്യോഗസ്ഥര്‍ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. അകമല ഭാഗത്തെ വാഹനപരിശോധനയില്‍ രാത്രിയില്‍ പിക്കപ്പ് കണ്ടെത്തി. വാഹനത്തിനുള്ളില്‍ പെരുമ്പാവൂരിലേക്കുള്ള ഫര്‍ണീച്ചറെന്ന് ഡ്രൈവറുടെയും കൂടെയുണ്ടായിരുന്നയാളുടെയും മൊഴി. വിശദമായ പരിശോധനയില്‍ വെറും ഫര്‍ണീച്ചറല്ല രണ്ട് ലക്ഷത്തിലധികം വിലവരുന്ന ചന്ദനത്തടിയാണെന്ന് തെളിഞ്ഞു. അറുപത്തി ഒന്ന് കക്ഷണം ചന്ദന തടികളാണ് പരിശോധനയില്‍ കണ്ടെടുത്തത്. തിരുവാഴിയോട് നിന്ന് പെരുമ്പാവൂരിലേക്ക് ചന്ദനം കടത്താനായിരുന്നു ശ്രമമെന്ന് പിടിയിലായ നിസാറും, മുഹമ്മദ് കുഞ്ഞും മൊഴി നല്‍കി. 

    

പെരുമ്പാവൂരില്‍ എത്തിച്ച് രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച് വ്യത്യസ്ത സമയങ്ങളില്‍ വില്‍പനയ്ക്കായിരുന്നു ശ്രമം. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് വനവിഭവങ്ങള്‍ അനധികൃതമായി സൂക്ഷിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വനംവകുപ്പിന്റെ നിഗമനം. കൂടുതലാളുകള്‍ക്ക് പങ്കുണ്ടോ എന്നതും വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കും. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യൂ

Tags