കരുവാരക്കുണ്ടിൽ മല മുകളിൽ രണ്ട് പേർ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജിതം

മലപ്പുറം: കരുവാരക്കുണ്ടിൽ മല കാണാനെത്തിയ രണ്ട് പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരാണ് മല മുകളിൽ കുടുങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി വിവരം പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്. രണ്ടു പേരും കുടുങ്ങി കിടക്കുന്ന സ്ഥലത്തെപ്പറ്റി അധികൃതർക്ക് വിവരം ലഭിച്ചു. ഇതോടെ ഷംനാസിനെയും കൂടി അഗ്നിശമനസേനയും പോലീസും അടങ്ങുന്ന തെരച്ചിൽ സംഘം സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.
മല കയറാൻ പോയ മൂന്ന് പേരും 20 വയസിൽ താഴെ പ്രായമുള്ളവരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവുമുണ്ട്. കുടുങ്ങികിടക്കുന്നവരുള്ള സ്ഥലത്തെക്കുറിച്ച് രക്ഷാപ്രവർത്തകർക്ക് വിവരം ലഭിച്ചുവെന്നാണ് കരുതുന്നത്. താഴെ എത്തിയ ആളുമായി തിരച്ചിൽ സംഘം മല കയറുകയാണ്.
മലപ്രദേശമായതിനാൽ തെരച്ചിലിന് പരിമിതിയുണ്ടെന്ന് പ്രദേശവാസി പറഞ്ഞു. ആനയും കാട്ടുപോത്തും ഇറങ്ങുന്ന മേഖലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രക്ഷാപ്രവർത്തകർക്ക് ആശങ്കയുയർത്തുന്നുണ്ട്.