
പാലക്കാട്: പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. വളളൂരിൽ വാടകക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ, മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്.
വളളൂർ മേലേകുളത്തിലാണ് സംഭവം നടന്നത്. പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികളിൽ രണ്ട് പേർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. നാട്ടുകാർ പതിവായി മീൻ പിടിക്കുന്ന കുളമായിരുന്നിത്. ഇവിടെ ഇരുവരും കൂട്ടുകാരുമൊത്ത് മീൻപിടിക്കുന്നതും കുളിക്കാനും എത്തിയതെന്നാണ് വിവരം.
ഇരുവരും അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ നൽകിയ വിവരം അനുസരിച്ച് പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. മൃതദേഹങ്ങൾ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.