ഉത്ര വധക്കേസ്: നിർണായകമായി സുരേഷിൻ്റെ മൊഴി

uthra case
കൊല്ലം:  ഉത്ര കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് സൂരജിനെതിരെ നിര്‍ണായകമായി മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരന്‍ സുരേഷിന്റെ മൊഴി. സൂരജിന് പാമ്പിനെ നല്‍കിയത് ചാവരുകാവ് സുരേഷാണ്. സൂരജിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങളെല്ലാം സുരേഷ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. 

മാനസികവളര്‍ച്ചയില്ലാത്ത ഭാര്യക്കൊപ്പം ജീവിക്കാന്‍ വയ്യ,അതിനാലാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞുവെന്നാണ് സുരേഷിൻ്റെ വെളിപ്പെടുത്തല്‍. തൻ്റെ കയ്യില്‍ നിന്ന് വാങ്ങിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് കൊലപാതകം നടത്തിയത് എന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നുപോയി. ഉത്ര മരിച്ച വിവരം അറിഞ്ഞപ്പോള്‍ സൂരജിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചാണ് ഭാര്യ മരിച്ചെന്ന് അറിയിച്ചതെന്നും സുരേഷ് പറഞ്ഞു. 

മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂരജ് ഒന്നും മിണ്ടിയില്ല.  കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പ ദോഷമായി എല്ലാവരും കരുതിക്കോളുമെന്നുമാണ് സൂരജ് പറഞ്ഞത്. സൂരജ് കേസില്‍പ്പെട്ടാല്‍ താനും ജയിലിലാകുമെന്ന് പറഞ്ഞിരുന്നുവെന്നും സുരേഷ് പറയുന്നു. 

കാര്യങ്ങള്‍ പോലീസില്‍ അറിയിക്കാമെന്ന് മകള്‍ പറഞ്ഞു,എന്നാല്‍ അന്ന് അതിന് സാധിച്ചിലെന്നും സുരേഷ് പറഞ്ഞു. 2020 ഫെബ്രുവരി 12നാണ് സൂരജ് ആദ്യമായി വിളിച്ചു പരിചയപ്പെടുന്നത്. പിന്നീട് ചാത്തന്നൂരില്‍ വെച്ച് നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26ന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തൻ്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി.

മാര്‍ച്ച് 21ന് സൂരജ് വിളിച്ച് അണലി പ്രസവിച്ചെന്നും അതിൻ്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. പിന്നീട് ഉത്ര മരിച്ചതിന് ശേഷം മാത്രമാണ് സൂരജ് വിളിച്ചത്. കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ഓര്‍മ്മിപ്പിക്കാനാണ് സൂരജ് വിളിച്ചതെന്നും സുരേഷ് മൊഴി നല്‍കി. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്.