കോടതിയലക്ഷ്യക്കേസ്; വിഫോര്‍ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ

nipun cherian
 

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ വി 4 കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ അറസ്റ്റിൽ. തോപ്പുംപടിയിൽ കുടിവെള്ള പ്രശ്നത്തിലെ യോ​ഗത്തിനിടെയാണ് അറസ്റ്റ്. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനാണ് കോടതി നിപുണിനെതിരെ കോടതിയലക്ഷ്യ ക്രിമിനൽ കേസിന് സ്വമേധയാ കേസെടുത്തത്. വി 4 കൊച്ചിയുടെ പേജിലായിരുന്നു ഇത്തരത്തിൽ പ്രസംഗം പ്രചരിപ്പിച്ചത്.

തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.  ഗുരുതരമായ കോടതിയലക്ഷ്യ കേസിൽ പ്രതിയാണ് നിപുണെന്നും നിശ്ചയിച്ച ദിവസം ഹാജരാകാതിരുന്നത് ഗൗരവകരമായി കാണുന്നുവെന്നും കേസ് പരിഗണിച്ച ദിവസം ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.

  
നേരത്തെ കോടതിയില്‍ ഹാജരാകാന്‍ നിപുണ്‍ എത്തിയിരുന്നെങ്കിലും ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിപ്പിക്കണമെന്ന് നിപുണ്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് ഹൈക്കോടതി സുരക്ഷാ ഓഫീസര്‍ അറിയിച്ചത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തകരെയും കൂടെ പ്രവേശിപ്പിക്കണമെന്ന് നിപുണ്‍ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കി. അത് സ്വീകാര്യമാകാത്തതിനാല്‍ കോടതിയില്‍ ഹാജരാകാതെ നിപുണ്‍ മടങ്ങിയെന്നാണ് രജിസ്ട്രാര്‍ അറിയിച്ചത്.