വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; പൊലീസുകാർക്കെതിരെ കേസ്

വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; പൊലീസുകാർക്കെതിരെ കേസ്
 

കോഴിക്കോട്: വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. സജീവന്റെ ശരീരത്തില്‍ പരുക്കുകളാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പെടെ 11 മുറിവുകളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. എസ്.ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.


സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടിയിരുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ മാസം 22നാണ് കല്ലേരി സ്വദേശിയായ സജീവൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊലീസുകാരുടെ മർദനമേറ്റാണ് സജീവൻ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചാണ് സജീവൻ മരിച്ചതെങ്കിലും കസ്റ്റഡി മരണത്തിന്റെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.