'എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല,വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു': വിഡിസതീശന്‍

vd
 

 
ദുബായ്: തനിക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്‍എസ്.എസിനെ താന്‍ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകല്‍ച്ചയില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കള്‍ ചെയ്യരുതെന്നുമാണ് താന്‍ പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍.
 
"പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതേ ആരോപണം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഒരുകാലത്തും എൻഎസ്എസ്സിനെ തള്ളി പറഞ്ഞിട്ടില്ല. സെക്കുലറിസം എന്നാൽ, മതനിരാസമല്ല, എല്ലാവരെയും ചേർത്തു നിർത്തലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വർഗീയവാദികളുടെ വോട്ട് വേണ്ടാ എന്നു പറഞ്ഞിട്ടുണ്ട്. അല്ലാതെ ആരുടെയെങ്കിലും വോട്ടു വേണ്ടാ എന്നു താൻ പറഞ്ഞിട്ടില്ല.

സമുദായങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാണ്. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ, ഇരുന്നാൽ മതി, കിടക്കേണ്ടതില്ല. തിരഞ്ഞെടുപ്പു സമയത്ത് എല്ലാവരുടെയും വോട്ടു ചോദിക്കുന്നതിൽ എന്താണ് തെറ്റ്? അത് എല്ലാവരും ചെയ്യുന്നതാണ്. നമ്മൾ ഒരു സ്ഥലത്ത് പോകുന്നത് അവരോടു അനുവാദം ചോദിച്ച് അവർ അനുവദിച്ചിട്ടാണ്. അല്ലാതെ വാതിൽ തകർത്ത് ഒരിടത്തും പോകാറില്ല." – സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി വന്ന് ഒന്നരമണിക്കൂറോളം സംസാരിച്ച് പോയ വിഡി സതീശന്‍ ഇപ്പോള്‍ ഒരു സമുദായ സംഘടനയുടേയും പിന്തുണയിലല്ല ജയിച്ചതെന്ന്  പറയുന്നത് ശരിയല്ല. ഇത് തിരുത്തിയില്ലെങ്കില്‍ സതീശന്‍റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതിനോടാണ് സതീശന്‍ ഇന്ന് പ്രതികരിച്ചത്.