നിപ: 11 പേര്‍ക്ക് രോഗ ലക്ഷണം; എട്ട് പേരുടെ ഫലം ഇന്ന് വരും; പ്രതിരോധത്തിന് സംസ്ഥാന തല കൺട്രോൾ സെൽ

veena jeorge.
 

കോഴിക്കോട്:  നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ എട്ടുപേരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരില്‍ 151 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത് 54 പേരാണ്. ഇതില്‍ 30പേരും ആരോഗ്യപ്രവര്‍ത്തകരാണ്. രോഗം ബാധിച്ച് മരിച്ച് കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നാളെ മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും. 

രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ ഫലം ഇന്ന് കിട്ടും. അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

മരിച്ചുപോയ കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. അവിടെ അടുത്ത് റംബുട്ടാൻ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇന്ന് രാത്രി മുതല്‍ മെഡിക്കല്‍ കോളേജില്‍ സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എന്‍.ഐ.വി. പൂണൈയില്‍ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും പിന്നീടുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാന്‍ കഴിയും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. 

മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാനാണ് സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.